യുവാൻ രാജവംശം
മഹത്തായ യുവാൻ(ചൈനീസ്: 大元; പിൻയിൻ: Dà Yuán; Mongolian: Yehe Yuan Ulus) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന രാജവംശമാണ് യുവാൻ രാജവംശം(ചൈനീസ്: 元朝; പിൻയിൻ: Yuán Cháo). മംഗോളിയൻ ഗോത്രമായ ബോർജിഗിങ്ങിന്റെ നേതാവായ കുബ്ലൈ ഖാൻ ആണ് ഈ രാജവംശം സ്ഥാപിച്ചത്. മംഗോളിയർ ഇതിനു മുൻപും ദശകങ്ങളായി ഇന്നത്തെ ഉത്തര ചൈന ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നെങ്കിലും കുബ്ലൈ ഖാനാണ് ആദ്യമായി 1271ൽ ചൈനീസ് പരമ്പരാഗത രീതിയിൽ രാജവംശം പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിന്റെ രാജ്യം ഇന്നത്തെ ചൈനയുടെ മിക്ക പ്രദേശങ്ങളും ഇന്നത്തെ മംഗോളിയ,കൊറിയ തുടങ്ങിയ സമീപ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു. 1368 വരെ നിലനിന്ന ഈ രാജവംശമാണ് ചൈന മുഴുവനും ഭരിച്ച ആദ്യ വൈദേശിക ശക്തി. 1368ന് ശേഷം മംഗോളിയൻ ഭരണാധികാരികൾ മംഗോളിയയിലേക്കു തിരിച്ചു പോയി ഉത്തര യുവാൻ രാജവംശത്തിന്റെ ഭരണം തുടരുകയായിരുന്നു. മംഗോളിയൻ ചക്രവർത്തിമാരിൽ ചിലർ ചൈനീസ് ഭാഷ പഠിച്ചപ്പോൾ മറ്റു ചിലർ അവരുടെ പ്രാദേശിക ഭാഷകളായ മംഗോളിയനും ഫാഗ്‌സ്-പ-ഭാഷയും മറ്റും മാത്രമാണ് ഉപയോഗിച്ചിരുന്നത്.